Thursday, 1 June 2017

Parents role in Maths Education (in Malayalam)

*എൻ്റെ കുട്ടിയ്ക് കണക്കുകൾ പറഞ്ഞു കൊടുക്കാൻ അറിയില്ല എന്നു നിങ്ങൾ കരുതുന്നുവെങ്കിൽ ഇതു മുഴുവനുംവായിക്കുക*
മേയ്മാസത്തെ വിജയീഭവ കൂട്ടായ്മയിൽ ലൂണാർ റബ്ബേഴ്സ് സ്ഥാപകൻ ശ്രീ.ഐസ്സക് ജോസഫ് കൊട്ടുകാപ്പള്ളി വിവരിച്ചത് തൻ്റെ സംരഭത്തെ കുറിച്ചുമാത്രമല്ല, 70 വർഷം മുൻപ് കോട്ടയം ജില്ലയിൽ പരമ്പരാഗത കർഷക കുടുംബത്തിൽ സർക്കാർ സർവ്വീസിലുള്ള ഡോക്ടറുടെ മകനായി ജനിച്ച അദ്ദേഹം ഒരു മെക്കാനിക്കൽ എൻജിനീയറായത് ഓരോ Parents ഉം ആറിഞ്ഞിരിക്കേണ്ട പാഠം ആണ്.സ്ക്കൂളുകളിൽ ഒരു പു തിയ വർഷം കൂടി തുടങ്ങുന്ന ഈ സമയം വളരെ പ്രധാനപ്പെട്ട പാഠം കൂടി ആണ് അത്. ഐസ്സക്ക് സാർ പഠിച്ചിരുന്ന സ്ക്കൂളിൽ ആദ്ധ്യാപകർ കുറവായിരുന്നതുകൊണ്ട് ഒരേസമയം ഒന്നിലധികം ക്ലാസ്സിൽ ഒരാൾതന്നെ പഠിപ്പിക്കേണ്ടിയിരുന്നു.
''ഒരുദിവസം ക്ലാസ്സിലെ കുട്ടികൾക്ക് ചെയ്യുവാൻഉള്ള കണക്കുകൾ ബോർഡിൽ എഴുതിയിട്ടിട്ട് അത് ചെയ്യുവാൻ ഉള്ള ചുമതല, തന്നെ ഏൽപ്പിച്ചിട്ട് അദ്ധ്യാപകൻ അടുത്ത ക്ലാസ്സിലേക്ക് പോയി .അദ്ധ്യാപകൻ തിരികെ വന്നപ്പോഴും ആ കണക്കുകൾക്ക് ഉത്തരം കണ്ടെത്തുവാൻ എനിക്കായില്ല''വലിയ വിഷമം തോന്നി.വീട്ടിൽ വന്നപ്പോൾ അച്ഛനോട് കാര്യങ്ങൾ പറഞ്ഞു.കാര്യങ്ങൾ മനസ്സിലാക്കിയ ഡോക്ടറായ അച്ഛൻ മകൻ്റെ സിലബസ്സൊക്കെ മനസ്സിലാക്കി ക്ലാസ്സിൽ പഠിക്കേണ്ട ഭാഗങ്ങളും ഉദാഹരണങ്ങളും, കൂടുതൽ പരിശീലനപ്രശ്നങ്ങളും കണ്ടെത്തി.ഇത് മകന് മനസ്സിലാകുന്നരീതിയിൽ കൂടെ ഇരുന്ന് പഠിപ്പിച്ചുകൊടുത്തു. (ഇന്നു ഇതെല്ലാം ഇൻ്റർ നെറ്റിൻ്റെ സഹായത്തോടെ വളരെ എളുപ്പം ചെയ്യുവാൻ കഴിയുന്ന കാര്യങ്ങൾ ആണ് )
അടുത്ത ഒരുദിവസം അദ്ധ്യാപകൻ വീണ്ടും ബോർഡിൽ എഴുതിയ കണക്കുകൾ ചെയ്യുവാൻ ഐസ്സക്കിനെ തന്നെ ഏൽപിച്ചു.താൻ നേരത്തേ ചെയ്തു പഠിച്ച രീതിയിലുള്ള കണക്കുകൾ ആയിരുന്നു അവ.വളരെ എളുപ്പത്തിൽ ചെയ്യ്ത തന്നെ അദ്ധ്യാപകൻ
പ്രശംസിക്കുകയും ചെയ്യ്തു .തുടർന്നങ്ങോട്ട് *ഗണിതം വളരെ രസകരവും , എളുപ്പവുമായി മാറി- ഒരു എൻജിനീയറുമായി.*
ഇവിടെയാണ് ഓരോ രക്ഷിതാവും തിരിച്ചറിയേണ്ടത് -അല്പം ഒന്നു ശ്രമിച്ചാൽ പറഞ്ഞു കൊടുക്കാൻ കഴിയുന്ന ഗണിതപാഠങ്ങളാണ് നമ്മുടെ സ്ക്കൂൾ പാഠ്യപദ്ധതിയിലുള്ളത്.എന്നാൽ പലപ്പോഴും കുട്ടികൾ കണക്കിലെ ഒരു സംശയം ചോദിച്ചാൽ പോലും *''എനിക്ക് കണക്കുകൾ പറഞ്ഞു തരുവാനുള്ള കഴിവില്ല''*എന്നു സ്വയം വിലയിരുത്തുന്നവരാണ് മിക്ക മാതാപിതാക്കളും.അഥവാ നിങ്ങൾക്ക് ആങ്ങിനെ തോന്നിയാലും ദയവായി കുട്ടികളോട് അങ്ങിനെ പറയാതിരിക്കുക!-അച്ഛനും അമ്മയ്കും പോലും അറിയില്ല പിന്നെ ഞാൻ എങ്ങിനെ മനസ്സിലാക്കും എന്നാകും കുട്ടികളുടെ ചിന്തയും പേടിയും.
സൈക്കിൾ ചവിട്ടാൻ പഠിക്കുന്നതുപൊലെതന്നെയാണു ഗണിത പഠനവും.പലതവണ വീഴ്ച സംഭവിച്ചാലും,നിരന്തര പരിശീലനം വഴി എല്ലാവർക്കും സ്വായത്തമാക്കാൻ സാധിക്കും ഗണിതം.ശരിയായ സമയത്ത് താങ്ങും പ്രോൽസാഹനവും,തുടർച്ചയായ പരിശീലനവും വേണ്ടിവന്നേക്കാം.
ഓരോ കുട്ടിയുടേയും രീതികൾ,കഴിവുകൾ എന്നിവ വ്യത്യത്ഥമാവാം.അതുമനസ്സിലാക്കി കുട്ടികളോടൊപ്പം നിന്ന് ഒരു കോച്ചിനെപ്പോലെ സഹായിച്ചാൽ ഏതു കുട്ടിയ്ക്കും ഗണിതപഠനം രസകരവും എളുപ്പമുള്ളതുമാക്കി മാറ്റുവാൻ നിങ്ങൾക്ക് കഴിയും- മറ്റാരെക്കാളും നന്നായി !
*ഏറെ ഗണിതശാസ്ത പാരമ്പര്യമുള്ള ഭാരതത്തിൻ്റെ വളർന്നുവരുന്ന തലമുറയെ, ഗണിതം ഇഷ്ടപ്പെടുന്നവരാക്കി* മാറ്റുവാനുള്ള ദൗത്യം നമ്മുക്ക് ഏറ്റെടുക്കാം,നിങ്ങളും പങ്കു ചേരില്ലേ?
പി. ദേവരാജ്
cosmicmaths@gmail.com

No comments:

Post a Comment